Tuesday, April 5, 2011

വ്യത്യസ്തമായ ഒരു അനുഭവമായി ഉറുമി ...


ക്യാമറ കൊണ്ട് സ്ക്രീനില്‍ മനോഹരമായ ചായക്കൂട്ടുകള്‍ തീര്‍ക്കുന്ന മാജിക്കുമായി വീണ്ടും ഒരു സന്തോഷ്‌ശിവന്‍ ചിത്രം കൂടി. അനന്ദഭദ്രത്തിനു ശേഷം സന്തോഷ്‌ശിവന്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കത്തക്ക രീതിയിലുള്ള സാങ്കേതിക മേന്മയോട് കൂടിയാണ് എത്തിയിരിക്കുന്നത്.  പതിനാറാം നൂറ്റാണ്ടിലെ ഉത്തരകേരളമാണ് കഥാപശ്ചാത്തലം. അവിടെ ജീവിച്ചിരുന്ന, ചരിത്രത്തില്‍ വേണ്ട രീതിയില്‍ കുറിക്കപ്പെടാതെ പോയ ചിറക്കല്‍ കേളുനായനാര്‍ എന്ന കഥാപാത്രവും,
വാസ്കോഡഗാമ എന്ന യൂറോപ്പിയന്‍ നാവികന് വേണ്ടി അയാള്‍ എന്തിനാണ് ഒരു പൊന്നുറുമി കരുതിവെച്ചതെന്നും ചിത്രം നമ്മോട് പറയുന്നു. സാമൂതിരിയുടെ കയ്യില്‍ നിന്നും വാണിജ്യം നടത്താനുള്ള അനുവാദവും വാങ്ങി മടങ്ങിപ്പോയ വാസ്കോഡഗാമ AD 1502 ല്‍  കേരളത്തിലേക്ക് മടങ്ങി വന്നു. രണ്ടാമത്തെ വരവില്‍ അദ്ദേഹം  കടപ്പുറത്ത് കാലുകുത്തിയ ഉടനെ ചെയ്തത് അവിടെ ഉണ്ടായിരുന്ന മുക്കുവ കുടുംബങ്ങളെ മുഴുവന്‍ തുരത്തുകയാണ്.  ഇവിടെ നിന്നാണ് ഉറുമിയുടെ കഥ തുടങ്ങുന്നത്.

കേളുനായനാരെ കൂടാതെ വവ്വാലി, അറക്കല്‍ ആയിഷ, ചെനിച്ചേരി കുറുപ്പ്, ചിറക്കല്‍ കൊതുവാള്‍, മാക്കം, ചിറക്കല്‍ ബാല, ചിറക്കല്‍ തമ്പുരാന്‍, ഭാനുവിക്രമന്‍ തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങള്‍ കഥയുടെ വിവിധ ഗതികളില്‍ വച്ച് നമ്മോടൊപ്പം ചേരുന്നു.

ശങ്കര്‍ രാമകൃഷ്ണനാണ് ഉറുമിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ദീര്‍ഘനാളത്തെ പഠനങ്ങല്‍ക്കൊടുവിലാണ് അദ്ദേഹം ഉറുമി രൂപപ്പെടുത്തിയിരിക്കുന്നത്. കഥാപശ്ചാത്തലം യഥാര്‍ത്ഥമാണെങ്കിലും കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്‍പ്പികമാണ്. ചിത്രത്തിലെ മിക്ക കഥാപാത്രങ്ങള്‍ക്കും രണ്ട് ഗെറ്റപ്പുകള്‍ ഉണ്ട്.  കഥ ആരംഭിക്കുനത് പുതിയ തലമുറയിലെ കാലഘട്ടത്തില്‍ ആണെങ്കിലും കഥ മുന്നേറുന്നത് ആ പഴയ കാലത്ത് തന്നെയാണ്. ഒരിക്കല്‍ വിദേശികള്‍ കാല്‍ച്ചുവട്ടില്‍ ആക്കിയ ഈ മണ്ണ് വീണ്ടും അവരുടെ കയ്യിലേക്ക്‌ തന്നെ എത്തിപ്പെടുമോ എന്ന ആശങ്കയും ചിത്രം ഉയര്‍ത്തുന്നു. ചിത്രത്തിന്‍റെ ഒരു ഭാഗത്ത്‌ വിദ്യാബാലന്‍ പ്രത്യക്ഷപ്പെടുന്ന ഗാനത്തില്‍ ഗ്രീക്ക്‌ ഇതിഹാസങ്ങളിലെ ഒരു ടച്ച് കൊടുക്കാന്‍ ശങ്കര്‍ രാമകൃഷ്ണന്‍ ശ്രമിച്ചിട്ടുണ്ട്. തികച്ചും ഭാവനയില്‍ നടക്കുന്ന ആ ഒരു ഗാന രംഗത്തില്‍ മാക്കം എന്നാ ദൈവീക ശക്തിയായിട്ടാണ് വിദ്യ എത്തുന്നത്‌. കൂടാതെ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും അവരുടെ പെരുമാറ്റ രീതിയും മറ്റും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ഭാരതത്തിലെ കറുത്ത മുത്ത്‌ കണ്ട് ഇവിടേയ്ക്ക് വന്ന ഗാമയും കൂട്ടരും ഇവിടെ വിതച്ച അനീതികള്‍ക്കെതിരായി പോരാടിയ കേളു നായനാരെയും കൂട്ടരെയും മനോഹരമായി വെള്ളിത്തിരയില്‍ എത്തിക്കാന്‍ തിരക്കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്.

(തുടരും ...)

No comments:

Post a Comment