Sunday, March 20, 2011

മണലാരണ്യത്തിലെ അതിജീവനത്തിന്‍റെ കഥയുമായി ഗദ്ദാമ


ലാല്‍ജോസിന്‍റെ അറബിക്കഥയ്ക്ക് ശേഷം അറബിനാടുകളിലെ ഒരുകൂട്ടം മനുഷ്യരുടെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയുമായി എത്തിയ ഗദ്ദാമ എന്ന കമല്‍ ചിത്രം പ്രേക്ഷകന് വ്യത്യസ്തമായ അനുഭവം പകര്‍ന്നുകൊണ്ട് മുന്നേറുന്നു. പെരുമഴകാലത്തിനുശേഷം അറബിനാടുകളിലെ ഒരുകൂട്ടം മനുഷ്യരുടെ കഷ്ടപ്പാടിന്‍റെയും അവരുടെ വീട്ടുകാരുടെ അതിജീവനത്തിന്‍റെയും കഥയുമായിട്ടാണ് ഇത്തവണ കമല്‍ എത്തിയിരിക്കുന്നത്. ഗള്‍ഫ്‌ നാടുകളില്‍ വീട്ടുജോലിക്കായി വരുന്ന ഗദ്ദാമമാരുടെ ജീവിതമാണ് ചിത്രത്തിന്‍റെ കഥാതന്തു. വേലക്കാരി എന്നതിന്‍റെ അറബിയായ “ഖാദിമ” എന്ന പദത്തിന്‍റെ അറബ് വാമൊഴി പ്രയോഗമാണ് ഗദ്ദാമ. ഭാഷാപോഷിണിയില്‍ അച്ചടിച്ചുവന്ന പ്രവാസി മലയാളിയും എഴുത്തുകാരനുമായ കെ.യു. ഇഖ്ബാലിന്‍റെ ഒരു ഫീച്ചറില്‍ നിന്നാണ് കമല്‍ ഗദ്ദാമയെ കണ്ടെടുത്തത്. സൗദി അറേബ്യയിലെ വീടുജോലിക്കാരായ ഗദ്ദാമമാരുടെ നരക തുല്യമായ ജീവിതത്തെ കുറിച്ച് അതിലുമപ്പുറം സുബൈദ എന്ന ഒരു ഗദ്ദാമയുടെ യഥാര്‍ത്ഥ അനുഭവത്തിന്‍റെ നേര്‍ക്കാഴ്ച! അതായിരുന്നു ആ ഫീച്ചര്‍. കമലും, കെ ഗിരീഷ്കുമാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കാവ്യമാധവന്‍ ആണ് ചിത്രത്തിലെ ടൈറ്റില്‍ റോളില്‍ എത്തുന്നത്. കാവ്യയെ (അശ്വതി) കൂടാതെ ബിജുമേനോന്‍ (രാധാകൃഷ്ണന്‍), ശ്രീനിവാസന്‍ (റസാക്ക്), മുരളിഗോപി (ഭരതന്‍), സുരാജ് വെഞ്ഞാറമൂട് (ഉസ്മാന്‍), ജാഫര്‍ ഇടുക്കി, ലെന, കെ.പി.എസി ലളിത, സുകുമാരി, പുതുമുഖം ഷൈന്‍ ടോം (ബഷീര്‍) തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ഇന്തോനേഷ്യ, ഇറാന്‍, സൗദി അറേബ്യ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ ഈ ചിത്രത്തില്‍ പങ്കാളികളായിട്ടുണ്ട്.

അശ്വതി എന്ന തനി പട്ടാമ്പി സ്വദേശിനിയായ നാട്ടുമ്പുറത്തുകാരി. അവളാണ് ഈ ചിത്രത്തിലെ ഗദ്ദാമ. കുടുംബഭാരം പേറി മണലാരണ്യത്തില്‍ ആശയുടെ പച്ചപ്പ് തേടിയെത്തിയവള്‍. അമ്മയും അനിയത്തിയും താനും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക വരുമാനമാര്‍ഗ്ഗം അശ്വതിയുടെ ചെറിയ ജോലിയായിരുന്നു. ആയിടയ്ക്ക് അശ്വതി രാധാകൃഷ്ണന്‍ എന്നയാളുമായി വിവാഹിതയാകുന്നു. തുടര്‍ന്നു അവളുടെ ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങള്‍ അവളെ അറബി നാട്ടിലെത്തിക്കുന്നു. അവിടെ ജോലിതെടിയെത്തിയ അവള്‍ക്കു നേരിടേണ്ടി വന്ന അനുഭവങ്ങള്‍, പീഡനങ്ങള്‍ തുടങ്ങി അവളുടെഅതിജീവനത്തിന്‍റെ കഥയാണ്‌ ഗദ്ദാമ. ചുട്ടുപൊള്ളുന്ന മരുഭൂമി. അവിടെ പ്രതീക്ഷയുടെ പച്ചപ്പ് തേടി അവള്‍ അലയുന്നു. അവിടെ അവള്‍ക്കു ആശ്വാസമായും, അല്ലാതെയും ഒരുപാടു പേര്‍. പ്രവാസിയായ സാമൂഹിക പ്രവര്‍ത്തകനായ റസാക്ക്‌, അശ്വതിയുടെ പരിചയക്കാരനായ ഡ്രൈവര്‍ ഉസ്മാന്‍, ട്രക്ക് ഡ്രൈവര്‍ ഭരതന്‍, ആട്ടിടയന്‍ ബഷീര്‍ തുടങ്ങി ഒട്ടേറെ പേര്‍. ഒറ്റയ്ക്ക് ഒരു സ്ത്രീ, അതും ഒരു തനി യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നും വരുന്നവള്‍. അവള്‍കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയില്‍ ഒറ്റപ്പെടുക. പലതരം ചൂഷണങ്ങള്‍ക്ക് ഇരയാവുക. അവളെ പ്രതീക്ഷിച്ചു ഒരുപാടു പേര്‍ ഇങ്ങ് ജന്മനാട്ടില്‍. ഒരു നൊമ്പരമായ്‌ മാറുന്നു ഈ ചിത്രം മനസ്സില്‍. ചിത്രത്തിന്‍റെ ആദ്യ ഭാഗത്ത്‌ ഒരു കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഇപ്പോഴും മനസ്സില്‍ നിന്ന് മായുന്നില്ല. “കാണുന്നവര്‍ക്ക് എന്താ, പറയുമ്പോ ഗള്‍ഫുകാരത്തിയല്ലേ”. ശരിയാണ്. കുടുംബം പുലര്‍ത്താന്‍ വേണ്ടി അന്യനാടുകളില്‍ പോയി കഷടപ്പെടുന്നവര്‍, അവരെ മനസ്സിലാക്കാന്‍ ഒരവസരമാണ് ഈ സിനിമ.

അനിത പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പി. വി പ്രദീപ്‌ നിര്‍മ്മിച്ച ഗദ്ദാമയുടെ ചായാഗ്രഹണം മനോജ്‌ പിള്ളയും, ചിത്രസംയോജനം കെ രാജഗോപാലും, ചമയം പാണ്ട്യനും നിര്‍വ്വഹിച്ചിരിക്കുന്നു. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ബെനറ്റ് വീത്‌രാഗ് ഈണം പകര്‍ന്നിരിക്കുന്നു. ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം എം. ജയചന്ദ്രന്‍റെതാണ്. വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിരിക്കുന്നത് അനില്‍ കുമാര്‍ ആണ്.

കമല്‍ എന്ന സംവിധായകനില്‍ നിന്നും പെരുമഴക്കാലത്തിനു ശേഷം മറ്റൊരു “നല്ല സിനിമ” അതാണ്‌ “ഗദാമ”. കൂടുതലറിയാന്‍ എത്രയും വേഗം തീയേറ്ററില്‍ പോയി ചിത്രം കാണുക.


No comments:

Post a Comment